2010, നവംബർ 26, വെള്ളിയാഴ്‌ച

ആരാണെന്നറിയാമോ?

ഒരിക്കല്‍ ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൊച്ചുമകള്‍ ഒരു ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. ഗ്രാമത്തിലെത്തി, മുന്നോട്ടു നടക്കുന്നേരം എതിരെ വന്ന ഒരാള്‍ രാജകുമാരിയോടു ചോദിച്ചു;
"ഏയ്‌, പെണ്‍കുട്ടീ.. നീ ആരാണ്..?"
അവളുടെ മറുപടി വളരെ വ്യക്തമായിരുന്നു:
“ഞാനാരാണെന്ന് പറയാനായി ഒന്നുമില്ല... എന്നാലെന്റെ വല്യമ്മ ഇംഗ്ലണ്ടിലെ മഹാറാണിയാണ്."
രാജകുമാരിയുടെ ആ മറുപടിവാക്കുകളെ നോക്കൂ... ഒരു പാട് സത്യങ്ങള്‍ അതിലില്ലേ..? തന്നെയല്ല, തന്റെ മേല്‍വിലാസം ആണ് അവള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ആ മേല്‍വിലാസമില്ലാതെ അവള്‍ ഇംഗ്ലണ്ടിലെ ഒരു സാധാരണ പെണ്‍കുട്ടി മാത്രമാണെന്ന തിരിച്ചറിവ് അവള്‍ക്കുണ്ടായിരുന്നു. ഒന്നു കൂടി അവള്‍ക്കറിയാമായിരുന്നു.... ഇംഗ്ലണ്ടിലെ മഹാറാണീയുടെ കൊച്ചു മകള്‍ എന്ന പദവി ഒരു നിസ്സാര കാര്യമല്ലെന്ന്....! എലീനയെന്ന തന്നെ ആരും അറിയണമെന്നില്ല. എന്നാല്‍ മഹാറാണിയുടെ കൊച്ചുമകളെന്നു കേട്ടാലോ ?

എന്റെ സ്വന്തം സഹോദരങ്ങളെ..... നാം നമ്മുടെ നിലയും, വിലയും മനസ്സില്ലാക്കിയിട്ടുണ്ടോ..? നാം ആരാണെന്നും, നമ്മുടെ പദവി എന്താണെന്നും ചിന്തിച്ചിട്ടുണ്ടൊ..? ദൈവജനമായ നമ്മിലനേകരുടെയും കാര്യത്തില്‍ ഇല്ലെന്നു വേണം ഉത്തരം പറയാന്‍. നമ്മുടെ സ്ഥാനമാനങ്ങളെ പറ്റി നാം ബോധമുള്ളവര്‍ ആയിരുന്നു, എങ്കില്‍ ഇതാകുമായിരുന്നുവോ, നമ്മുടെ സ്ഥിതി..?!

പോയ തലമുറ‌‌‌‌ -ഇപ്പോഴുള്ള മാതാപിതാക്കന്മാരിലനേകരും - ദൈവമക്കള്‍ എന്നു അറിയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്നു... ആനന്ദിച്ചിരുന്നു.. എന്നാലീ പുതുതലമുറയിലെ നമ്മിലനേകരും ബ്രദറുകാരെന്നും, വിശ്വാസികളെന്നുമൊക്കെയാണ് അറിയപ്പെടുന്നതു..?! എന്താ ദൈവമക്കളെന്നു നമുക്കു നമ്മെ തന്നെ പരിചയപ്പെടുത്തുവാന്‍ ലജ്ജയാണോ? അതോ, ഭായമാണോ?

ഇവിടെയാണ് യോനാ നമ്മെ നാണം കെടുത്തുന്നതു. താന്‍ കുറ്റാരോപിതനായി പിടിക്കപ്പെട്ടപ്പോഴും യോനാ സധൈര്യം പ്രസ്താവിക്കുന്നതു നോക്കു.."ഞാനൊരു യെബ്രായന്‍ . കരയും കടലും ഉണ്ടാ‍ക്കിയ സ്വര്‍ഗീയ ദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു.” ഒരു യഥാര്‍ത്ഥ ഇസ്രായേല്യന്റെ അഭിമാനമുയര്‍ത്തുന്ന വാക്കുകള്‍ . സത്യമായും ആ പ്രസ്താവനയ്ക്കു മുമ്പാകെ യഹോവയായ അവന്റെ ദൈവം എത്ര സന്തോഷിച്ചുകാണും...! നാം വായിക്കുന്നു... ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല..!!

റോമ:8:16-ല്‍ ഇങ്ങിനെ വായിക്കുന്നു... "നാം ദൈവത്തിന്റെ മക്കള്‍ ആകുന്നു.” എന്താണതിന്റെ സാരം..? ഞാന്‍ ദൈവപുത്രനാകുന്നു എന്നു യാതൊരു സംശയത്തിനും ഇടയില്ലാതവണ്ണം വ്യക്തമാക്കിയ ക്രിസ്തുവിന്റെ അത്മാവാണ് നാം ദൈവമക്കളാണെന്നു നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞിരിക്കുന്നതു. യോഹന്നാനാകട്ടെ തന്റെ ലേഖനത്തിലൂടെ അതു ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു.. 1 യോഹന്നാന്‍ 3:1 ല്‍ “കാണ്മിന്‍ നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു. അങ്ങനെ തന്നെ നാം ആകുന്നു." “ഈ കാര്യത്തിലൊരു ഉറപ്പു നമുക്കുണ്ടെങ്കില്‍ അതെത്രമാത്രം നമ്മെ ധൈര്യപ്പെടുത്തിയേനേം .!

നാം പിന്നെയും വായിക്കുന്നതു.. “മക്കളെങ്കിലോ അവകാശികളുമാകുന്നു. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ.” ദൈവത്തിനു അവകാശികളെന്നു വെച്ചാല്‍ , നാം ദൈവത്തിന്റെ മക്കളായി തീര്‍ന്നു, എന്നത് പോലെ ദൈവം നമ്മുടെ സ്വന്തമായി തീര്‍ന്നു എന്നത്രെ. ഈ അവകാശപ്രാപണത്തോടെ ഉന്നതങ്ങളില്‍ ദൈവം സൂക്ഷിച്ചിരിക്കുന്ന സകലത്തിനും അവകാശികളായി തീര്‍ന്നു നാം.

ഇനി അടുത്തതായി നാം കാണുന്നതു ക്രിസ്തുവിനു കൂട്ടവകാശികളും എന്നാണു. ഇതു സൂചിപ്പിക്കുന്നതു സ്വര്‍ഗത്തില്‍ തന്റെ പുത്രനെന്ന നിലയില്‍ , ക്രിസ്തുവിനു അനുവദിക്കപ്പെട്ടിരിക്കുന്ന സകലത്തിലും, അവിടുത്തെ ദൈവത്ത്വമൊഴികെ നാം ഓഹരിക്കാര്‍ ആകുന്നു എന്നാണു. ഇതു എല്ലാമാണ് ദൈവത്തിന്റെ അപ്പസ്തൊലനായ പൌലൊസ് ഇങ്ങിനെ പറഞ്ഞൊതുക്കുന്നതു... "സ്വര്‍ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്നു..” എന്നു. (എഫെ:1:3.)

സത്യമിതാണെങ്കില്‍ , മനസ്സിരുത്തി ഒന്നു ചിന്തിക്കുക, നാമിന്നു എവിടെയാണ് എന്നു. ഇത്ര വലിയ അവകാശികളായ നാം ആണോ, ഈ പട്ടിണിപ്പാവങ്ങളെപ്പോലെ കിടന്നു ഉഴലുന്നതു..?എങ്ങോട്ടു നോക്കിയാലും അരിഷ്ടതയും, ദൈന്യതയും മാത്രം. ഒരു ജീവന്റെ തുടിപ്പു കാണാനില്ല. സകലതും വാരി ക്കോരിത്തന്ന ദൈവം നാണിച്ചു പോകത്തക്കവണ്ണം, ഈ അവസ്ഥ എവിടെ നിന്നെത്തി..?! ചിന്തിച്ചു തല പുണ്ണാക്കേണ്ടതില്ല. ദൈവവചനത്തില്‍ വളരെ വ്യക്തമായ ഉത്തരം ഉണ്ട്. അതു പിന്നാലെ നോക്കാം.

നമ്മുക്കു കൃപയാലെ സ്വന്തമായ മറ്റൊരു സ്ഥാനമഹിമയാണു, മഹാരാജാവിന്റെ മക്കള്‍ എന്നുള്ളത്. അതെ നാം രാജകുമാരന്മാരും , രാജാകുമാരികളും ആണെന്നു...!! ഈ ലോകത്തിലെ ഏതെങ്കിലും ഒരു ചക്രവര്‍ത്തിയുടെ മക്കള്‍ എന്നല്ല.. ഈ ലോകത്തിലെ സകല രാജാക്കന്‍മാരുടെയും - മാത്രമല്ല , മുഴു പ്രപഞ്ചത്തിന്റെയും മഹാരാജാവായ സ്വര്‍ഗീയ ദൈവത്തിന്റെ മക്കള്‍ .. അതെ പ്രിയരെ നാം.. നിസ്സരന്മാരല്ല... നാം ആസ്സന്ന ഭാവിയില്‍ ഈ ലോകത്തെയും ഭരിക്കുമെന്ന തിരുവെഴുത്തു ആ അര്‍ത്ഥത്തില്‍ ഒന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടുണ്ടോ നമുക്ക് ...?

ഇനിയും അവിടുത്തെ സ്വന്ത ജനമെന്ന നിലയിലും, വിശുദ്ധ വംശമെന്ന നിലയിലും എല്ലാം, ഉയര്‍ത്തപ്പെട്ടവരാണ് നാം .... പോരാ ....! ഈ മഹാ‍.. ദൈവത്തിന്റെ രാജകീയ പുരോഹിത ഗണമാണു നാം..!!!! അവിടുത്തെ പരിശുദ്ധ സന്നിധിയിലേക്കു - കൃപാസനത്തിലേക്ക് - സധൈര്യം കടന്നുചെല്ലുവാനായി കൃപ ലഭിച്ചവര്‍ ....!!! എന്നിട്ടും ... എന്നിട്ടും .... നാമെന്തേ പ്രിയരേ ... ഇങ്ങനെ...!? ഈ മന്ദതയും, അലസതയും, ഒക്കെ ... ഈ ക്ഷീണവും... തളര്‍ച്ചയും ????...

ദൈവവചനം വളരെ വ്യക്തമായി പറയുന്നു, "മടിയാ.. നീ എത്ര നേരം കിടന്നുറങ്ങും..? എപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കും..? കുറേക്കൂടി... കുറേക്കൂടി നിദ്ര... കുറേക്കൂടി കൈ കെട്ടി കിടക്ക.. അങ്ങിനെ നിന്റെ ദാരിദ്ര്യം വഴിപോ‍ക്കനെ പ്പോലെയും, നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.! സദൃശവാക്യങ്ങള്‍ : 6:9-11. ഇതാണ് ദൈവജനത്തിനു പറ്റിയ കുഴപ്പം. ആത്മീയമായ ഉറക്കത്തിലാണവര്‍ . വചനപാരായണമോ, വചനധ്യാനമോ, അഭ്യസനമോ, ഒന്നുമില്ല... നല്ല ഉറക്കം.. എവിടെ കിടന്നാണീ ഉറക്കമെന്നോ..? മരിച്ചവരുടെ ഇടയില്‍ ... മരിച്ചവരോടൊപ്പം ദൈവജനം ഉറക്കത്തിലാണെന്ന്...! സത്യമതാണ്. അതുകൊണ്ടാണ്... "ഉറങ്ങുന്നവനേ.. ഉണര്‍ന്ന്‍ മരിച്ചവരുടെ ഇടയില്‍നിന്നും എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും" “എന്നു പൌലോസിനെക്കൊണ്ട് പിന്നെയും പറയിച്ചത്.

ഒരു ഉണര്‍വുണ്ടാകണം ദൈവജനത്തിനിടയില്‍ എന്ന് ആഗ്രഹിക്കുന്ന അനേകരിന്നു നമ്മുടെ ഇടയിലുണ്ട്. ദൈവഭക്തിക്ക് വിരുദ്ധമായി, ഇന്നും നിലനിന്നു കാണുന്ന വിഗ്രഹസ്തംഭങ്ങളേയും, താമ്ര സര്‍പ്പത്തേയും പൊടിയാക്കുവാന്‍ ഒരു ഹിസ്കിയാവ് ... അതുമല്ലെങ്കില്‍ ഉണര്‍വിന്റെ കാഹള ധ്വനിയുമായി വീണ്ടുമൊരു .... യോശിയാവ് ... വരുമെന്നു ചിലരെങ്കിലും ഉറക്കെ ചിന്തിക്കുന്നതു ഈയിടെ കേള്‍ക്കാനായി .... ഏന്നാല്‍ എനിക്കെന്തു കൊണ്ടു ആ യോശിയാവായിക്കൂടാ.... എന്തു കൊണ്ടു എന്റെ ഉള്ളിന്റെയുള്ളില്‍ ഉണര്‍വ് ഉളവാകാത വണ്ണം നാളുകളായി ഞാന്‍ കെട്ടിയുയര്‍ത്തിയ വിഗ്രഹ സമൂഹങ്ങളെ തച്ചുടയ്ക്കാന്‍ എനിക്കു കഴിയുന്നില്ല. ? ഞാനുണരേണമെന്നു എനിക്കു മാത്രമെ തീരുമാനിക്കാനാവൂ...യോശീയാവു ചെയ്തു ഞാനും ചെയ്യും.. മോശെയുടെ ന്യായപ്രമാണപുസ്തകം കണ്ടെത്തിയ ഇടത്താണു സകലത്തിന്റെയും തുടക്കം.. അതു തന്നെയാണിപ്പോഴും ആവശ്യമായിട്ടുള്ളതു.. വചനത്തിലേക്കുള്ള മടക്കം.. നമുക്കു മടങ്ങാം....

ഉണര്‍വ് ആവശ്യമാണ്‌ ... ആരുടെയൊക്കെ മനസില്‍ അതു തോന്നിത്തുടങ്ങിയോ, അതു ദൈവാത്മാവിന്റെ ഇടപെടല്‍ തന്നെ... എന്നാലെ, ഇതിനാവശ്യം നാടിളക്കിയുള്ള പരസ്യപ്രകടനങ്ങളല്ല.... നാം ഉള്‍ മുറികളിലേയ്ക്ക് പിന്‍വാങ്ങണം.... കതകടച്ചുപൂട്ടി അപ്പന്റെ മുമ്പിലേക്കു വീഴണം.. തുറക്കപ്പെട്ട വചനത്തിനു മുമ്പാകെ ആവലോടെ ആര്‍ത്തിയോടെ തുറക്കണം .. കണ്ണുകളും, ഹൃദയങ്ങളും ...!! ഹൃദയത്തെ ദൈവ സന്നിധിയില്‍ വലിച്ചുകീറണം.... അങ്ങിനെ സാധിക്കുമെങ്കില്‍ അവിടെ ആ വിഗ്രഹ മാലിന്യങ്ങള്‍ ധൂളിയാകും.... പടുത്തുയര്‍ത്തപ്പെട്ട വന്മതിലുകള്‍ ഇടിഞ്ഞുവീഴും.... അന്നേരം.... ആ മാത്രയില്‍ ദാവീദ് കണ്ടതു പോലെ.... നമ്മുടെ ദൈവം നമ്മുടെ സഹായത്തിനായി.... ആകാശം ചായ്ച്ചിറങ്ങി വരും... ഏതു കാലത്തും.. എവിടെയും ഉണര്‍വുണ്ടായതിനൊക്കെയും ഇത്തരം പരിശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത് ..... നിരന്തരമായ പ്രാര്‍ത്ഥനയുടെയും .... തകര്‍ച്ചയുടെയും.... ചരിത്രങ്ങള്‍ .... നമ്മുടെ പൂര്‍വ പിതാക്കന്മാരുടെ..... അനുഭവ ചിത്രങ്ങള്‍ ..... നമുക്കൊന്നിച്ച്‌ തുടങ്ങാം.... ഞാനിതാ തുടങ്ങുന്നു... ദൈവം എന്നെയും നമ്മളേവരെയും സഹായിക്കട്ടെ..... മഹത്വം ദൈവത്തിന്...!!!!!

നന്ദി..
സ്നേഹപൂര്‍വ്വം,
ബോബി ചാര്‍ളി.

6 അഭിപ്രായങ്ങൾ:

  1. കര്‍ത്താവിന്റെ വരവിനു മുന്നോടിയായി യോഹന്നാന്‍ സ്നാപകനെ ദൈവം അയച്ചു. മശിഹയെ സ്വീകരിക്കാന്‍ ജനത്തിന്റെ ഹൃദയങ്ങളെ ഒരുക്കുവാന്‍ ഒരു മാനസാന്തരത്തിന് വേണ്ടി ശക്തിയായി ജനഹൃദയങ്ങളോട് സംവദിച്ച ഒരു പ്രവാചകനായിരുന്നു യോഹന്നാന്‍... മുഖം നോക്കാതെ സമൂഹത്തിന്റെ ആത്മീയ അവസ്ഥ തുറന്നു കാട്ടി ദൈവത്തിങ്കലേക്ക് തിരിച്ചു വരുത്തുവാന്‍ യോഹന്നാന്റെ ശുശ്രൂഷകള്‍ പ്രയോജനം ചെയ്തു. കര്‍ത്താവിന് വേണ്ടി മറ്റൊരു ഉണര്‍വിനു വേണ്ടി 'ഉണര്‍വ് ചിന്തകള്‍' പ്രയോജനപ്പെടും എന്നാണെന്റെയും പ്രതീക്ഷ... ഉണര്‍വ് വരും.. കര്‍ത്താവ് പ്രവര്‍ത്തിക്കട്ടെ.. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോഴാണ്‌ ഈ പോസ്റ്റ്‌ ഒന്ന് മനസിരുത്തി വായിച്ചത്..

    ഒരു ആത്മീയ ഉണര്‍വിനു വേണ്ട കാര്യങ്ങള്‍ എന്തെല്ലാം ആണെന്ന് ഇതിലും കൂടുതല്‍ വിശദീകരിക്കാന്‍ ആവശ്യമില്ല. എങ്ങുനിന്നോ വന്നുകയറിയ അഹങ്കാരത്തിന്റെ പാഴ്മുളകള്‍ ആത്മീയം എന്ന പേരില്‍ എന്നിലും കണ്ടെത്തി... ഒന്നുമല്ലെങ്കിലും വലിയ ആള്‍ ആണെന്നുള്ള ഭാവം നമ്മില്‍ ഉണ്ടാകുന്നത് അപകടമാണ്. ഇത്തരം അപകടങ്ങളില്‍ നിന്നും ഈ ചിന്തകള്‍ ഇനിയും അനേകരെ രക്ഷിക്കുമെന്ന് ഉറപ്പാണ്..

    കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം... ദൈവം ധാരാളം കൃപ നല്‍കി അനുഗ്രഹിക്കട്ടെ...!

    മറുപടിഇല്ലാതാക്കൂ
  3. ഹല്ലോ,
    ബോബി ചാര്‍ളി.
    തികച്ചും അവിചാരിതമായി വെബില്‍ കണ്ടുമുട്ടി.
    ഒരിക്കലും അത് വൃധാവയില്ലല്ലോ എന്നോര്‍ത്ത്
    സന്തോഷിക്കുന്നു.
    ഉണര്‍വിന്‍ ചിന്തകള്‍, ശരിക്കും ചിന്തിക്കാന്‍
    വക നല്‍കുന്നവ തന്നെ, വളരെ നന്നായി
    വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
    തുടര്‍ന്നും കൂടുതല്‍ ചിന്തകള്‍ പ്രതീക്ഷിക്കുന്നു.
    ക്രിസ്തുവില്‍ സ്വന്തം
    ഫിലിപ് വറുഗീസ് ,
    സെക്കന്ദ്രാബാദ്

    മറുപടിഇല്ലാതാക്കൂ
  4. ഇതൊക്കെ എല്ലാവരും വായിച്ചിരുന്നുവെങ്കില്‍....

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012, നവംബർ 13 4:53 AM

    Great Thoughts... We need a Change...

    മറുപടിഇല്ലാതാക്കൂ
  6. anne_abraham2006@hotmail.com2012, ഡിസംബർ 22 1:06 AM

    Valuable Thoughts. I myself will try to change and I will sent this thoughts to my son. I am expecting more from you. Accidently I saw this site. God bless u
    Thanks & Regards.
    Anne

    മറുപടിഇല്ലാതാക്കൂ